തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 12,265 പരാതികള്‍. ഇതുവഴി സര്‍ക്കാരിന് ലഭിച്ചത് 11.01 കോടി രൂപയാണ്. പൊതുജനങ്ങള്‍ തെളിവു സഹിതം നല്‍കിയ 7912 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. ഇതുവഴി പരാതി നല്‍കിയവര്‍ക്ക് പാരിതോഷികമായി ലഭിച്ചത് 1,29,750 രൂപയാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള വാട്‌സ്ആപ് നമ്പര്‍ നല്‍കിയത്. 9446700800 എന്ന നമ്പറില്‍ പരാതി അറിയിക്കുന്നവര്‍ക്ക് ആദ്യം 2500 രൂപയായിരുന്നു പാരിതോഷികം. പിന്നീട് പിഴത്തുകയുടെ നാലിലൊന്നായി ഇത് മാറ്റി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 5000 രൂപയാണ് പിഴ. മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജലാശയങ്ങളില്‍ തള്ളിയാല്‍ 10000 രൂപ മുതല്‍ 50000 രൂപവരെ പിഴയും ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവുമാണ് ശിക്ഷ.