Saturday , August 2 2025, 2:18 am

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന്

കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കണ്ടെത്തിയത്. റോയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. പോലീസ് വീടു വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

ഇന്ന് രാവിലേയാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ മനസ്സിലാക്കിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെ ജയില്‍ ചാടിയെന്നാണ് അനുമാനം. കൈവശമുണ്ടായിരുന്ന തുണിയുപയോഗിച്ച് മതിലിന്റെ ഫെന്‍സിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറി രക്ഷപ്പെടുകയായിരുന്നു. തുണികള്‍ ചേര്‍ത്തുകെട്ടി വടമാക്കി ഉപയോഗിച്ചു. പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഗോവിന്ദച്ചാമി. നേരത്തേ വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.

Comments