കണ്ണൂര്‍: കേരളം ഏറെ ചര്‍ച്ച ചെയ്ത ബലാത്സംഗക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരബലാത്സംഗം ചെയ്ത് കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ ഗോവിന്ദ ചാമി ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ജയില്‍ ചാടിയെന്നാണ് നിഗമനം. ഇയാള്‍ താമസിച്ചിരുന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ രാവിലെ പരിശോധന നടത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണക്കോടതിയും ഹൈക്കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. പീഢനശ്രമം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും കൊലപാതകം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് സുപ്രീംകോടതി ശിക്ഷാ ഇളവ് നല്‍കിയത്.