തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങള്‍ തകരുന്നത് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദരും പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരേയും ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പിഡബ്ലുഡി മാനുവലില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് കമ്മിറ്റി നിര്‍ദേശിക്കും. ഇതിനു പുറമെ നിര്‍മ്മാണ സ്ഥലങ്ങളില്‍ കൂടുതലായി എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമിതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുള്ള ചുമതല പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാണ്.
പാലം നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ നടക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടി കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.