Saturday , October 4 2025, 3:38 am

അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സ്‌കൂളുകളില്‍ സുരക്ഷ സമിതികള്‍; കര്‍മ്മ പദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്

കോഴിക്കോട്: അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സജ്ജരാക്കാന്‍ കര്‍മ്മപദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ 12 അംഗ സുരക്ഷ ഉപദേശക സമിതി രൂപീകരിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ വിദ്യഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. വര്‍ഷത്തില്‍ 2 തവണ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തും.

കൊല്ലം തേവലക്കര സ്‌കൂളില്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടേയും വിദ്യഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലും ജില്ലാതലത്തില്‍ കലക്ടര്‍മാര്‍ക്കുമാണ് സുരക്ഷ സമിതിയുടെ ചുമതല. പി.ടി.എ പ്രസിഡന്റ്, പോലീസ്, അഗ്നിരക്ഷാ സേന, കുട്ടികളുടെ പ്രതിനിധികള്‍, വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍, ഡോക്ടര്‍, സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍, എന്‍സിസി-സ്‌കൗട്‌സ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നതാണ് സമിതി.

സ്‌കൂളില്‍ പരിശീലനം നേടിയവരുടെ വിവരങ്ങള്‍, വിവിധ തരത്തിലുള്ള അപകടങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി ഉള്‍പ്പെടെ രേഖപ്പെടുത്തിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതികളും ചിത്രങ്ങളും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. സമിതിയുടെ രൂപീകരണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യഭ്യാസ വകുപ്പിന് സമര്‍പ്പിക്കുകയും വേണം.

Comments