Saturday , October 4 2025, 2:19 am

വാട്‌സ്ആപ്പില്‍ വന്നത് വിവാഹ ക്ഷണക്കത്ത്; മെസേജ് തുറന്നതോടെ നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും. ശ്രദ്ധയോടെ ഓണ്‍ലൈന്‍ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചില്ലെങ്കില്‍ കാത്തു സൂക്ഷിച്ച സമ്പാദ്യങ്ങളടക്കം എല്ലാം തട്ടിപ്പുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വരുന്നത്.

ഓഗസ്റ്റ് 30ന് വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞൊരു സന്ദേശമാണ് മുംബൈ ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത്. വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശവും ഒപ്പം ഒരു എപികെ ഫയലുമാണ് അയച്ചത്. ഒറ്റ നോട്ടത്തില്‍ പിഡിഎഫ് ഫോര്‍മാറ്റിലുള്ള വിവാഹ ക്ഷണക്കത്തെന്ന് തോന്നിപ്പിക്കും വിധമാണ് എപികെ ഫയല്‍ അയച്ചിരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.90 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു.

ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് വിവാഹ ക്ഷണക്കത്തെന്ന വ്യാജേന അയച്ചിരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയിരുന്നു.

Comments