തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂർ പോലീസ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിൻ്റെ ഉടമ, നേമം സ്റ്റുഡിയോ റോഡിൽ താമസിക്കുന്ന താര കൃഷ്ണൻ ആണ് പിടിയിലായത്. തിരുവനന്തപുരം ഡി.സി.പി. ടി. ഫറാഷ് ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.
തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളിൽ ഗോൾഡൻവാലി നിധി എന്ന പേരിൽ സ്ഥാപനം നടത്തിവന്നിരുന്നത്. നിധി കമ്പനിയുടെ മറവിൽ ഗോൾഡ് ലോണും, എഫ്.ഡി. അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് പണം തിരികെ നൽകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഡയറക്ടർമാരായ താര, തോമസ് എന്നിവരെ നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടി വാങ്ങി ഇരുവരും മുങ്ങുകയായിരുന്നു.ലഭിച്ച പരാതിയെ തുടർന്ന് തമ്പാനൂർ എസ്.എച്ച്.ഒ. ജിജു കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. താരയും ഭർത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബംഗളൂരു വഴി വരുന്നുവെന്ന രഹസ്യവിവരം ഡി.സി.പിക്ക് ലഭിച്ചു. തുടർന്ന്, ഫോർട്ട് എ.സി. ബിനുകുമാർ സി, തമ്പാനൂർ എസ് എച്ച് ഒ. ജിജു കുമാർ പിഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലേക്ക് തിരിക്കുകയും അവിടെ വെച്ച് താരയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.കേസിലെ രണ്ടാം പ്രതിയും തൈക്കാട് ശാഖാ മാനേജിംഗ് ഡയറക്ടറുമായ എറണാകുളം കടവന്ത്ര സ്വദേശി കറുകയിൽ തോമസ് തോമസ് (60) അടക്കമുള്ള മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഡി.സി.പി. അറിയിച്ചു. തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ നിലവിൽ പൂട്ടിയിട്ടുണ്ട്. തൈക്കാട്, കാട്ടാക്കട, ആര്യനാട് ശാഖകളിൽ നിന്നും നിരവധി പേർക്ക് തുക തിരികെ നൽകാനുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. നിധി കമ്പനിയുടെ മറവിൽ ഇൻഡസെൻ്റ് ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി കോടിക്കണക്കിന് രൂപ വന്നതിനെ തുടർന്ന് ആറ് മാസം മുൻപ് ബാങ്ക് അധികൃതർ ഈ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പ്രതിക്കെതിരെ കാട്ടാക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
Post Views: 85