Friday , October 31 2025, 4:38 am

ഫ്രഷ് കട്ടിന് ഉപാധികളോടെ പ്രവർത്തനാനുമതി

കോഴിക്കോട്: താമരശ്ശേരിയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാണ് അനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണില്‍ നിന്നും 20 ആയി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകീട്ട് ആറ് മുതല്‍ 12 വരെ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും പഴകിയ അറവു മാലിന്യങ്ങള്‍ പ്ലാന്റില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. നിബന്ധനകളില്‍ വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഫ്രഷ് കട്ട് സംഘർഷത്തിൽ ആകെ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

         ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Comments