പത്തനംതിട്ട: ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയായത് വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടാണ് 2012ല്‍ താന്‍ നേരിട്ട മര്‍ദനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുന്‍ സിഐയുമായ മധു ബാബുവിനെതിരെയാണ് ആരോപണം.
‘കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും..’ എന്നായിരുന്നു ജയകൃഷ്ണന്‍ പോസ്റ്റില്‍ പറഞ്ഞത്. വിഷയത്തില്‍ മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്. തുടര്‍നടപടിക്ക് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മര്‍ദ്ദനത്തെ തുടര്‍ന്ന ആറ് മാസത്തോളം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെന്നും ജയകൃഷ്ണന്‍ പറഞ്ഞു. 14 വര്‍ഷമായി നിയമപോരാട്ടം തുടരുകയാണ് ജയകൃഷ്ണന്‍. പത്തനംതിട്ട എസ്പി ആയിരുന്ന ഹരിശങ്കറിന്റെ അന്വേഷണത്തില്‍ മധു ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരേയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിട്ടില്ലെന്നും ജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ കുന്നംകുളം, പീച്ചി കസ്റ്റഡി മര്‍ദനങ്ങള്‍ വലിയ ചര്‍ച്ചയായതിന് ശേഷം പോലീസ് മര്‍ദ്ദനത്തിന്റെ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്.