തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നല്‍കാമായിരുന്നു. എന്നാല്‍, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
സുഹൃത്താണ് പുലിപ്പല്ല് നല്‍കിയതെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ധരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം അവിടെ തന്നെ തീരേണ്ടതായിരുന്നു. അതിന് പകരം ഭീകരകുറ്റകൃത്യം ചെയ്തയാളെന്ന നിലയില്‍ വേടനെ കൊണ്ടു പോയത് തെറ്റാണെന്ന വനംമന്ത്രിയുടെ നിലപാട് ശരിയാണെന്നും എം.വി ഗോവിന്ദന്‍. പറഞ്ഞു.
പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന കലാകാരനാണ് വേടന്‍. ആ തരത്തില്‍ വേടനെ അംഗീകരിക്കണം. എന്നാല്‍, വേടന്റെ ലഹരി ഉപയോഗത്തെ അംഗീകരിക്കാനാവില്ല. എന്നാല്‍, ലഹരി ഉപയോഗത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.