Saturday , October 4 2025, 10:29 am

ഫോറന്‍സിക് വിദഗ്ദ ഡോ.ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ച ശേഷം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഫോറന്‍സിക് സര്‍ജനായിരുന്നു ഡോ.ഷേര്‍ളി വാസു. കേരളത്തിലെ ആദ്യത്തെ വനിത ഫോറന്‍സിക് സര്‍ജന്‍ കൂടിയാണ്.

ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ളി വാസു ആയിരുന്നു. കേരളം കണ്ട മികച്ച ഫോറന്‍സിക് വിദഗ്ധരിലൊരാളാണ് ഡോക്ടര്‍ ഷേര്‍ളി വാസു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഫോറന്‍സിക് സര്‍ജനും കൂടിയാണ്. ‘പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

2017ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിത രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിരുന്നു. ഡോ. കെ.ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍ നന്ദന, നിതിന്‍.

Comments