Thursday , June 26 2025, 5:38 pm

കൊടുവാള്‍ കാട്ടി ഭീഷണി; കണ്ണൂരില്‍ ഏട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വിഡിയോക്കായി ചിത്രീകരിച്ചതാണെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അമ്മ തിരികെ വരാനായാണ് വീഡിയോ ചിത്രീകരിച്ചതെന്നും മകള്‍ പറഞ്ഞു.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലങ്കടവ് സ്വദേശിയായ മാമച്ചനെന്ന് വിളിക്കുന്ന ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ അസഭ്യം പറഞ്ഞ് കൊണ്ട് ഇയാള്‍ മര്‍ദിക്കുന്നതും കുട്ടി പേടിച്ച് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഇന്നലെ പൊലീസ് രണ്ട് കുട്ടികളുടെയും മൊഴി എടുത്തെങ്കിലും പ്രാങ്ക് വിഡിയോ ആണെന്ന് കുട്ടികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് തിരികെ പോകുകയായിരുന്നു. പിന്നീട് വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. പൊലീസിനോട് റിപ്പോര്‍ട്ട് തേടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും.

Comments