കോഴിക്കോട്: ഒരാഴ്ചയായി സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയെത്തുന്നത് ദിനംപ്രതി പതിനായിരത്തിലേറെപ്പേര്‍. ഡെങ്കി, എലിപ്പനി, വൈറല്‍ പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായാണ് രോഗികളെത്തുന്നത്. കൂടുതല്‍ പേരേയും വൈറല്‍ പനിയാണ് ബാധിച്ചത്.
കാലാവസ്ഥയിലെ മാറ്റം പനി പടരാന്‍ കാരണമായെന്നാണ് നിഗമനം. കഴിഞ്ഞമാസം കോവിഡ് പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത്തവണ ഡെങ്കി, എലിപ്പനി രോഗങ്ങളാണ് ആശങ്കയായിരിക്കുന്നത്. ഒരാഴ്ചക്കിടെ മുന്നൂറിലധികം പേര്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ജൂലൈയില്‍ 4883 പേര്‍ ചികിത്സ തേടി. ഡെങ്കി ബാധിച്ച് ഈ വര്‍ഷം 37 പേര്‍ മരണപ്പെട്ടെന്നാണ് കണക്ക്.
സംസ്ഥാനത്ത് എലിപ്പനിയും അതുമൂലമുള്ള മരണവും ജൂലൈയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ 516 പേര്‍ ചികിത്സ തേടിയതില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ വര്‍ഷം 88 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതേ അസുഖത്തിന് ചികിത്സ തേടിയ 69 പേര്‍ മരിച്ച സംഭവത്തില്‍ മരണകാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എലിപ്പനി നേരത്തേ കണ്ടെത്തുന്നില്ല എന്നതും ചികിത്സ വൈകുന്നതും മരണനിരക്ക് ഉയര്‍ത്തുന്നുണ്ട്.
2023 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ ലക്ഷ്യമിട്ടെങ്കിലും കാര്യക്ഷമമായി നടന്നിരുന്നില്ല.