Friday , August 1 2025, 12:18 pm

മരിക്കുന്നതിന് മുന്‍പ് ആരാധിക സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതി വച്ചത് 72 കോടി

മുംബൈ: താരാരാധന പലരും പല തരത്തിലാണ് പ്രകടിപ്പിക്കുക. ചിലര്‍ ദൈവത്തെ പോലെ താരങ്ങളെ പൂജിക്കും. മറ്റുചിലര്‍ വഴിപാടു നടത്തിയും താരങ്ങളെ അനുകരിച്ചുമൊക്കെ ജീവിക്കും. ഇതില്‍ നിന്നെല്ലാം അല്‍പം കടന്ന ഒരു പരിപാടിയാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഒരു ആരാധിക ചെയ്തത്.

മരിക്കുന്നതിന്റെ തൊട്ടുമുന്‍പ് 2018ലാണ് നിഷ പാട്ടീല്‍ എന്ന 62 കാരി തന്റെ ഇഷ്ട നടനായ സഞ്ജയ് ദത്തിന്റെ പേരില്‍ തന്റെ സമ്പാദ്യങ്ങള്‍ എഴുതി വയ്ക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. 72 കോടിയുടെ സ്വത്തുക്കള്‍. വില്‍പത്രം എഴുതി വയ്ക്കുക മാത്രമല്ല നിരവധി തവണ ബാങ്കിലേക്ക് കത്തുകളെഴുതി തന്റെ മരണശേഷം സ്വത്തുക്കള്‍ സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു. പിന്നീട് കത്തുകള്‍ കുടുംബം കണ്ടെത്തുകയായിരുന്നു. നിഷയുടെ മരണത്തോടെ ഇത് വലിയ വാര്‍ത്തയായെങ്കിലും താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേര്‍ളി ടെയ്ല്‍സ് എന്ന മാധ്യമത്തില്‍ സംഭവവുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരിക്കയാണ് താരം.

വില്‍പത്രത്തെക്കുറിച്ച് അറിഞ്ഞ സഞ്ജയ് ദത്ത് പക്ഷേ ആ സ്വത്തുക്കള്‍ സ്വീകരിക്കുന്നതിന് പകരം കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നു വച്ചാല്‍ നിഷ പാട്ടീല്‍ ഒരിക്കല്‍ പോലും സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിരുന്നില്ല. നടനാകട്ടെ ഒരിക്കല്‍ പോലും സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ചില്ല. 80കളിലാണ് സഞ്ജയ് ദത്ത് ബോളിവുഡ് സിനിമകളിലെത്തുന്നത്.

Comments