തിരുവനന്തപുരം: സ്കൂള്‍ പരിസരത്ത് ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എക്സൈസ് വകുപ്പ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരി ഉല്പന്നങ്ങള് പിടികൂടിയാല്‍ കടകള്‍ പൂട്ടിക്കാനാണ് തീരുമാനം.
ഇതില്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് എക്സൈസ് കത്ത് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ മാസം 30ന് മുന്‍പ് എക്സൈസ് ഉദ്യോഗസ്ഥര്‍ എല്ലാ സ്കൂളുകളിലും പ്രധാനധ്യാപകരുമായി കൂടിക്കാഴ്ച്ചയും നടത്തും.
വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എക്സൈസിന്റെ നടപടി. സ്കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ ലഹരി ഉല്പന്നങ്ങള് വിറ്റാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ലഹരി മാഫിയ കൂടുതല്‍ ലക്ഷ്യമിടുന്നത് സ്കൂളുകളാണെന്നിരിക്കെ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് എക്സൈസ് ഒരുങ്ങുന്നത്. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാല്‍ എക്സൈസിനെ വിവരം അറിയിക്കണമെന്ന് പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. പുതിയ അധ്യയന വര്‍ഷം ജൂണ്‍ രണ്ടിന് ആരംഭിക്കാനിരിക്കെയാണ് എക്സൈസിന്റെ ലഹരിവിരുദ്ധ നടപടികള്‍ പുരോഗമിക്കുന്നത്.