Saturday , October 4 2025, 5:10 am

‘നീയും മക്കളും പോയി മരിക്ക്’: വീടു വിട്ടിറങ്ങിയിട്ടും നോബി ഷൈനിയേയും മക്കളേയും നിരന്തരം ഉപദ്രവിച്ചെന്ന് കുറ്റപത്രം

കോട്ടയം: ഏറ്റുമാനൂരില്‍ രണ്ടു മക്കളേയും കൊണ്ട് അമ്മ ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നുപേരുടേയും ആത്മഹത്യയിലേക്ക് നയിച്ചത് ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ക്രൂര പീഡനമെന്നാണ് കുറ്റപത്രത്തില്‍. സംഭവം നടന്ന് 170ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നോബി മാത്രമാണ് പ്രതി.

‘നോബിയുടെ ഉപദ്രവമാണ് ആത്മഹത്യയിലേക്ക് പ്രേരണയായത്. ഷൈനിയും മക്കളും വീട് വിട്ട് ഇറങ്ങിയിട്ടും പിന്തുടര്‍ന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന് തലേന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ‘നീയും മക്കളും പോയി മരിക്ക്’ എന്നായിരുന്നു അന്ന് ആ ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്’ ഇതാണ് കുറ്റപത്രത്തിലെ പ്രധാന ഭാഗം. ആത്മഹത്യയുടെ തലേദിവസം മദ്യപിച്ച് നോബി ഷൈനിയെ വിളിക്കുകയും അധിക്ഷേപിച്ച് സംസാരിച്ചിരുന്നെന്നും നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവാഹ മോചനക്കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനിച്ചിലവ് നല്‍കില്ലെന്നും നോബി പറഞ്ഞിരുന്നു. മാത്രമല്ല നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും ചെയ്‌തെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസില്‍ ഷൈനിയുടേയും നോബിയുടേയും ഫോണുകളാണ് പ്രധാന തെളിവുകളായത്. കേസില്‍ 56 സാക്ഷികളുണ്ട്. ഷൈനിയുടെ മകന്‍, ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റ് എന്നിവരുടെ മൊഴികളാണ് കേസില്‍ പ്രധാനം. 2025 ഫെബ്രുവരി 28നാണ് ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവരേയും കൂട്ടി നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയത്.

Comments