Saturday , October 4 2025, 3:38 am

വോട്ട് കൊള്ള ആരോപണം തെറ്റ്; രാഹുല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചു: തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണം – തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിന്റേയും ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം (എസ്.ഐ.ആര്‍) സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങളെ ഭയപ്പെടുന്നില്ല. കമ്മിഷന്റെ തോളില്‍ തോക്കുവച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി ഒരാഴ്ചക്കുള്ളില്‍ തെളിവുകള്‍ നല്‍കണം. അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പു പറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വോട്ടര്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചതിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വിമര്‍ശിച്ചു. വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പുറത്തുവിട്ടത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. അമ്മമാരുടേയും പെണ്‍മക്കളുടേയും ഒക്കെ സിസിടിവി വീഡിയോകള്‍ പങ്കുവയ്ക്കണമെന്നാണോ പറയുന്നത് എന്നാണ് തിരഞ്ഞെടുപ്പിനിടയിലെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് കമ്മീഷന്‍ പ്രതികരിച്ചത്. വോട്ടര്‍മാരില്‍ ചിലരുടെ വീടിന്റെ സ്ഥാനത്ത് പൂജ്യം മാര്‍ക്കു ചെയ്‌തെന്ന ആരോപണത്തിന് ഇന്ത്യയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകളില്ലെന്നും അതുകൊണ്ടാണ് വീടിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താത്തത് എന്ന വാദമാണ് കമ്മീഷന്‍ ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പിലെ അതൃപ്തികളേയും പ്രശ്‌നങ്ങളേയും കുറിച്ച് പരാതിപ്പെടാന്‍ സമയമുണ്ടായിട്ടും അത് ചെയ്യാതിരുന്നത് ശരിയായില്ലെന്നും കമ്മീഷന്‍ പഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകില്ലെന്ന സൂചനകളാണ്‌
കമ്മീഷന്‍ പത്ര സമ്മേളനത്തില്‍ മുന്നോട്ട് വച്ചത്. വോട്ടര്‍പട്ടികയില്‍ പേരുളളവര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്ന നിലപാട് കമ്മീഷന്‍ അംഗങ്ങള്‍ ആവര്‍ത്തിച്ചു. ‘ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും വോട്ടു ചെയ്യണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കാന്‍ കഴിയുകയെന്നും അംഗങ്ങള്‍ ചോദിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും കമ്മീഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്മാറില്ലെന്നും അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കോടിയില്‍ അധികം ജീവനക്കാരും 10 ലക്ഷത്തില്‍പരം ബൂത്ത് ലെവല്‍ ഏജന്റുമാരും 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാരും തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുമ്പില്‍ ഇത്രയും സുതാര്യമായ പ്രക്രിയയില്‍ ഏതെങ്കിലും വോട്ടര്‍മാര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ സാധിക്കുമോ എന്നു ചോദിച്ചാണ് പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടത്.

Comments