Saturday , October 4 2025, 5:10 am

ഒക്ടോബര്‍ രണ്ടുവരെ സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടുവരെ സ്‌കൂളുകളില്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രീയ വിദ്യാലയ (കെ.വി.എസ്), സി.ബി.എസ്.ഇ, നവോദയ സ്‌കൂള്‍ (എന്‍.വി.എസ്) എന്നിവയ്ക്കാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം പശ്ചാത്തലമായി 2018ല്‍ പുറത്തിറങ്ങിയ ‘ചലോ ജീത്തെ ഹേ’ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കേണ്ടത്. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 2വരെയുള്ള കാലയളവില്‍ സ്‌കൂളുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് സെപ്തംബര്‍ 11ന് നല്‍കിയ നിര്‍ദേശത്തിലുള്ളത്.

പുതുതലമുറയില്‍ വ്യക്തിത്വത്തെക്കുറിച്ചും സേവനത്തെ കുറിച്ചും ഉത്തരവാദിത്വത്തെ കുറിച്ചുമുള്ള ചിന്തകള്‍ക്ക് സിനിമ കാരണമാകും. കുട്ടികളില്‍ അനുകമ്പയും യുക്തി ചിന്തയും പ്രചോദനവുമായിത്തീരാന്‍ സിനിമയ്ക്ക് കഴിയുമെന്നും കത്തില്‍ പറയുന്നു. മന്ത്രാലയം പുതുതായി ആവിഷ്‌കരിച്ച ‘പ്രേരണ’ വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സിനിമ പ്രദര്‍ശനവും.

അതേസമയം നടപടി ഗാന്ധിജിയോടുള്ള അധിക്ഷേപാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിട്ടുണ്ട്. ചരിത്രം രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നുമാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ വിഷയത്തോട് പ്രതികരിച്ചത്.

 

 

Comments