തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യഭ്യാസ ഓഫീസറാണ് നോട്ടീസ് നല്‍കിയത്.
ഡോ.ഹാരിസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവനയും ചട്ട ലംഘനമാണ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അദ്ദേഹം ഉന്നയിച്ച പരാതികളില്‍ വസ്തുതയില്ലെന്ന് സമിതി കണ്ടെത്തിയതായും ഡോക്ടര്‍ക്കയച്ച നോട്ടീസിലുണ്ട്. ഡോക്ടറുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍.
ഡോ.ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. പ്രോബ് എന്ന ഉപകരണം ഡിപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിട്ടും അദ്ദേഹം ശസ്ത്രക്രിയ മുടക്കിയെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍ എന്ന് ഡോക്ടര്‍ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലുണ്ട്. മാത്രമല്ല തെറ്റായ കാര്യം പ്രചരിപ്പിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.