തിരുവനന്തപുരം: തനിക്കെതിരായ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഡോ.ഹാരിസ്. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്ത്് അദ്ദേഹം പുറത്തുവിട്ടു. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഇതുസംബന്ധിച്ച് അദ്ദേഹം കത്തുനല്‍കിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്.
വൈകാരികമായാണ് ഡോ. ഹാരിസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് എടുക്കാനുള്ള സംവിധാനം പോലും മെഡിക്കല്‍ കോളേജിലില്ല. അത്രയും ഗതികേടാണ് അവിടെയുള്ളത് എന്നും ഹാരിസ് തുറന്നുപറഞ്ഞു.
ഇത്തരം ഒരു വിഷയം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത് ചട്ടലംഘനമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ താന്‍ മനപ്പൂര്‍വ്വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണയാണെന്നും ഡോ.ഹാരിസ് പരഞ്ഞു. വിദഗ്ധ സമിതി എന്ത് റിപ്പോര്‍ട്ട് ആണ് നല്‍കിയതെന്ന് തനിക്ക് അറിയില്ല. അതിന്റെ പകര്‍പ്പ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആ കമ്മിറ്റിയില്‍ ഉള്ള നാലുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവര്‍. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാന്‍ അവര്‍ നിര്‍ബന്ധിതരായത് എന്ന് തനിക്കറിയില്ല. ഒരു രോഗിയുടെ ജീവന്‍ രക്ഷാ ഉപകരണമാണ് താന്‍ ആവശ്യപ്പെട്ടത്. അതിന് അടിയന്തിരമായ നടപടികളാണ് വേണ്ടതെന്നും ഹാരിസ് ആവശ്യപ്പെട്ടു. ഒരു പൗരന്റെ ജീവനെ സാമ്പത്തികപ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.