ജനീവ: യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരെ കൂക്കി വിളിച്ച് സഭാംഗങ്ങൾ. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് നെതന്യാഹു സഭയെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് 50 ലധികം രാജ്യങ്ങളിലെ അംഗങ്ങൾ ഇറങ്ങിപ്പോയി. അതേസമയം ഹമാസിനെ വെല്ലുവിളിച്ചും ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ചുമാണ് സഭയിൽ നെതന്യാഹു പ്രസംഗിച്ചത്. ചില അംഗങ്ങൾ നെതന്യാഹുവിൻ്റ പ്രസംഗത്തെ കൈയ്യടികളോടെ സ്വീകരിക്കുന്ന കാഴ്ചയും സഭയിൽ ഇന്ന് അരങ്ങേറി.
ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും പറഞ്ഞ നെതന്യാഹു അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ജീവിക്കാമെന്ന് ഹമാസിനെ ഭീഷണിപ്പെട്ടുത്തുകയും ചെയ്തു. അല്ലാത്ത പക്ഷം ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കുമെന്നായിരുന്നു നെതന്യാഹുവിൻ്റെ ഭീഷണി. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നത് ഭ്രാന്താണെന്നും തങ്ങൾ അംഗീകരിക്കില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിൽ ഈസയേൽ കൂട്ടക്കുരുതി നടത്തുന്നു എന്ന ആരോപണം തെറ്റാണ്. ജനങ്ങളോട് ഒഴിഞ്ഞു പോകാൻ പറയുന്നുണ്ട്. ജനങ്ങളെ യുദ്ധമുഖത്ത് ഹമാസ് പിടിച്ചു നിർത്തുകയാണ്. തോക്കു ചൂണ്ടി ഹമാസ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഗാസയിൽ നടത്തുന്നത് വംശഹത്യയാണെങ്കിൽ അവരോട് ഒഴിഞ്ഞുപോകാൻ ഞങ്ങൾ ആവശ്യപ്പെടുമോ. നാസികൾ ജൂതരോട് ഒഴിഞ്ഞു പോകാൻ പറഞ്ഞിരുന്നോ എന്നും നെതന്യാഹു ചോദിച്ചു. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ അത് ഹമാസ് മോഷ്ടിച്ചു വിൽക്കുന്നതു കൊണ്ടാണെന്നായിരുന്നു നെതന്യാഹുവിൻ്റെ വാദം.