തൃശൂര്‍: തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേര്‍ത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
വാര്‍ത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷന്റെ ആരോപണം. നിരവധി വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ബിജെപി നിരവധി ബൂത്തുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. പുതിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും 45 മുതല്‍ 70 വയസ്സ് വരെയുള്ളവരാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
സുരേഷ് ഗോപി താമസിച്ച വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേര്‍ക്കുകയായിരുന്നെന്നും ടാജറ്റ് പറഞ്ഞു. രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാര്‍ഡ് നമ്പര്‍ 30 ല്‍ വോട്ട് ചേര്‍ത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകള്‍ ചേര്‍ത്തു എന്നാണ്. 10 ഫ്‌ളാറ്റുകളിലായി അമ്പതോളം പരാതികള്‍ അന്ന് നല്‍കിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
വോട്ട് ചേര്‍ക്കുന്നതിലെ നിയമങ്ങള്‍ ലഘൂകരിച്ചത് അനര്‍ഹര്‍ പോലും വോട്ട് ചേര്‍ക്കുന്നതിന് ഇടയാക്കി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തില്‍ വോട്ടുകള്‍ ചേര്‍ത്തത്. ആലത്തൂര്‍, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ തൃശ്ശൂരില്‍ ചേര്‍ത്തു.
ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാല്‍ പരിശോധിക്കാനാകുന്നില്ല. തൃശൂരിലെ വോട്ടര്‍ പട്ടികയിലെ സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പരാതി പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഡിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
DeToor reflective wanderings…