Saturday , October 4 2025, 4:55 am

‘പോലീസിനെ കയ്യേറ്റം ചെയ്തയാളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ?’; കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ല സെക്രട്ടറി

തൃശ്ശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് സി.പി.ഐ.എം ജില്ല സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍. ‘പോലീസിനെ കയ്യേറ്റം ചെയ്തയാളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ?’ എന്നായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രതികരണം. കുന്നംകുളത്ത് കസ്റ്റഡി മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് നേതാവ് സുജിത്തിന്റെ വിവാഹത്തെ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് അബ്ദുള്‍ ഖാദര്‍ ഉയര്‍ത്തിയത്.

‘സ്വാതന്ത്ര്യ സമരസേനാനിയുടേത് പോലെയാണ് കുന്നംകുളത്തെ വിവാഹം എന്നായിരുന്നു കെ.വി അബ്ദുള്‍ ഖാദറിന്റെ വിമര്‍ശനം. ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രതികരണം. ‘പോലീസിനെ കയ്യേറ്റം ചെയ്ത സുജിത്തിനെ അധിക സേനയെ വരുത്തിയാണ് പോലീസ് പിടികൂടിയത്. അങ്ങനെയുള്ളയാളെ തടവി അയാള്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ? പോലീസുകാര്‍ ആരെയും തല്ലാന്‍ പാടില്ല എന്നാണ് പാര്‍ട്ടി നിലപാടെന്നും’ അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

Comments