Saturday , October 4 2025, 6:44 am

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി; ജയം 767 ല്‍ 452 വോട്ടുകള്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പദവിയില്‍ രണ്ടുവര്‍ഷം കൂടി ബാക്കി നില്‍ക്കെയായിരുന്നു ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി.

രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയായിരുന്നു ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി.പി രാധാകൃഷ്ണന്‍. ആര്‍.എസ്.എസിലൂടെയാണ് രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നേരത്തേ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തെലങ്കാന ഗവര്‍ണര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.

 

Comments