റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. കുറ്റം മനുഷ്യക്കടത്താണെന്നും പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്നും പറഞ്ഞാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യത്തിനായി ബിലാസ്പൂരിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ കന്യാസ്ത്രീകളുടെ ജയില്‍ മോചനം നീളുകയാണ്.
അതേസമയം എന്‍ഐഎ വിഷയത്തില്‍ കേസെടുത്തില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ കോടതിയെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമീപിക്കാനും കഴിയില്ല എന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ ഷെഡ്യൂള്‍ഡ് കാറ്റഗറിയില്‍ വരുന്ന കുറ്റമാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത്. അതേസമയം കന്യാസ്ത്രീകളുടെ കേസ് പരിഗണിക്കാന്‍ അധികാരമില്ലാത്ത കോടതി എങ്ങനെയാണ് സിസ്റ്റര്‍മാരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുക എന്നതാണ് സഭയുടെ നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് നിയമവിരുദ്ധ കസ്റ്റഡിയാണെന്ന് കാണിച്ച് മുതിര്‍ന്ന കോടതിയെ സമീപിക്കാനാണ് കന്യാസ്ത്രീകളുടെ അഭിഭാഷകരുടെ നീക്കം.
രാവിലെ കോടതിക്ക് മുന്‍പില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. കേസ് ഏത് കോടതിയില്‍ നടന്നാലും അപ്പീലുമായി സംഘടന പോകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഛത്തീസ്ഗഡില്‍ വ്യാപകമായ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും മനുഷ്യക്കടത്താണ് നടന്നതെന്നുമാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ വാദം. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാതിരുന്നപ്പോള്‍ ആഹ്ലാദ പ്രകടനങ്ങളോടെയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. അശ്ലീല വാക്കുകളും ഭീഷണിയും ഉയര്‍ത്തി പ്രവര്‍ത്തകര്‍ കോടതിക്ക് മുന്‍പില്‍ തടിച്ചുകൂടുകയായിരുന്നു