കോഴിക്കോട്: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കാന്‍ പോകുന്ന ദുരിതങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇത് ഭരണകൂടങ്ങളുടെ മൗലിക കടമയാണെന്ന് പറഞ്ഞ കോടതി വരും തലമുറകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ എടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു. മാറ്റത്തിനായി പോരാടിയ യുവത്വത്തിന്റെയും നമ്മുടെ ഗ്രഹത്തിന്റെയും കാലാവസ്ഥാ നീതിക്കായുള്ള പോരാട്ടത്തിന്റേയും വിജയമാണിതെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് പ്രതികരിച്ചത്.

ആഗോള താപനം മൂലം കടല്‍നിരപ്പ് ഉയര്‍ന്ന് മുങ്ങിപ്പോകാന്‍ സാധ്യതയുള്ള ദ്വീപുരാജ്യങ്ങള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നെതര്‍ലന്‍ഡ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റേതാണ് വിധി. വരാന്‍പോകുന്ന പാരിസ്ഥിതിക ഹരിത കേസുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ ഈ വിധിക്ക് കഴിഞ്ഞേക്കും. പെട്രോള്‍, കല്‍ക്കരി ഉള്‍പ്പെടെ കാര്‍ബണ്‍ ഇന്ധനങ്ങള്‍ കുറയ്ക്കാന്‍ ലോക രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്നതാണ് വിധി. കാലാവസ്ഥ മാറ്റമെന്നത് കെട്ടുകഥയല്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണെന്നും കോടതി വിധി അംഗീകരിക്കുന്നുണ്ട്.
ആഗോളതാപനത്തിനും പരിസ്ഥിതി നാശത്തിനും വഴിവയ്ക്കുന്ന വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ മൂലമുള്ള താപവര്‍ധനയ്ക്കും കടലേറ്റത്തിനും നഷ്ടപരിഹാരം നല്‍കേണ്ടത് ഭരിക്കുന്നവരാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിധി പ്രസ്താവനയ്ക്കായി വിവിധ രാജ്യങ്ങളിലെ ഭരണഘടനകളും പാരിസ്ഥിതിക കരാറുകളും മനുഷ്യാവകാശ നിയമങ്ങളുമുള്‍പ്പെടെ കോടതി പഠിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 133 പേജുള്ള വിധിന്യായമാണ് പുറപ്പെടുവിച്ചത്. പ്രാദേശികവും രാജ്യാന്തരവുമായ ഹരിത തര്‍ക്കങ്ങളിലും വാദഗതികളിലും അന്താരാഷ്ട്ര കോടതിയുടെ ഈ വിധി അടിസ്ഥാന പ്രമാണമാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയാണ് ലോകരാജ്യങ്ങള്‍ വിധിയെ നോക്കിക്കാണുന്നതും. സമുദ്ര സംരക്ഷണ നിയമങ്ങളെക്കുറിച്ചും കപ്പല്‍ നിയമങ്ങളെക്കുറിച്ചും വിധിയില്‍ പരാമര്‍ശമുണ്ട്. ഇത് കേരള തീരത്ത് കഴിഞ്ഞ മാസങ്ങളില്‍ സംഭവിച്ച രണ്ട് കപ്പല്‍ ദുരന്തങ്ങളില്‍ മെച്ചപ്പെട്ട നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് അവസരമൊരുക്കിയേക്കും.
വേള്‍ഡ് യൂത്ത് ഫോര്‍ ക്ലൈമറ്റ് ജസ്റ്റിസ്, സൗത്ത് പസിഫിക് സര്‍വകലാശാലയിലെ പസഫിക് ഐലന്റ് സ്റ്റുഡന്റ്‌സ് ഫൈറ്റിങ് ക്ലൈമറ്റ് ചേഞ്ച് എന്നീ യുവജന സംഘടനകള്‍ യുഎന്നുമായി ചേര്‍ന്നു നടത്തിയ പ്രചരണത്തിന്റെ ഭാഗമായാണ് കേസ് കോടതി പരിഗണിച്ചത്. ബ്രസീലില്‍ നടക്കുന്ന ആഗോള പാരിസ്ഥിതിക ഉച്ചകോടിയില്‍ (സിഒപി 30) കോടതിവിധി വിഷയമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം അഭയാര്‍ത്ഥികളായി മാറിയ രാജ്യങ്ങളുടെ പ്രശ്‌നങ്ങളിലേക്കും അതിജീവനങ്ങളിലേക്കുമുള്ള പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമായേക്കും.