Saturday , October 4 2025, 7:17 pm

കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപത്ത് നിന്ന് ജനങ്ങളെ മാറ്റി

കൊല്ലം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ ത്രീയില്‍ നിന്നുള്ള നിരവധി കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകലാണ് കണ്ടെത്തിയത്. കണ്ടെയ്നറുകൾ അടിഞ്ഞത് ജനവാസ മേഖലയ്ക്ക് സമീപമായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നീണ്ടകര പരിമണത്തും ശക്തികുളങ്ങരയിലുമായി മൂന്ന് കണ്ടെയ്നറുകൾ വീതം കാണപ്പെട്ടു. ഒരു കണ്ടെയ്നർ കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഇത് കടൽഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകള്‍ കണ്ടെത്തി

ചെറിയഴീക്കലിൽ കണ്ടെത്തിയ കണ്ടെയ്നർ കാലിയാണെന്നും, മറ്റ് മൂന്ന് കണ്ടെയ്നറുകൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്.

കൊല്ലം തീരത്തെന്നപോലെ അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തും കണ്ടെത്തി. ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് കടലിലാണ് കണ്ടെയ്നറുകൾ കാണപ്പെട്ടത്. ഒരെണ്ണം തീരത്തോട് ചേര്‍ന്നും മറ്റൊന്ന് കടലിലുമാണ് കണ്ടത്.

കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Comments