Saturday , October 4 2025, 8:34 am

വോട്ട് തിരിമറി: തൃശൂര്‍ പൂങ്കുന്നത്ത് ഫ്‌ളാറ്റുടമയുടെ വിലാസത്തില്‍ ചേര്‍ത്തത് 10 പേരെ

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലും വോട്ട് ക്രമക്കേട് നടന്നു എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെ തെളിവുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ഒന്നിന്റെ (ബൂത്ത് നമ്പര്‍ 30) വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്‌ളാറ്റ് വിലാസത്തില്‍ പത്തു വോട്ടുകളാണ് അവസാനഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്.

പൂങ്കുന്നം ആശ്രമം ലെയിന്‍ ക്യാപിറ്റല്‍ വില്ലേജ് ഫ്‌ളാറ്റ് കോംപ്ലക്‌സില്‍ 4 സി ഫ്‌ലാറ്റിലാണ് ഇവര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ്, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ക്ക് ചേര്‍പ്പ് പൂച്ചിന്നിപ്പാടത്താണ് വോട്ടുള്ളത്. ഇവരുടെ ക്യാപിറ്റല്‍ വില്ലേജ് 4 സി എന്ന ഫ്‌ളാറ്റ് വിലാസത്തില്‍ ക്രമനമ്പര്‍ 1304- മനീഷ് എം.എസ്. (അച്ഛന്റെ പേര്: സുരേന്ദ്രന്‍), ക്രമനമ്പര്‍ 1307- മുഖാമിയമ്മ (ഭര്‍ത്താവിന്റെ പേര്:സദാശിവന്‍), 1308- സല്‍ജ കെ. (ഭര്‍ത്താവിന്റെ പേര്: ശിവദാസന്‍), 1313-മോനിഷ (അച്ഛന്റെ പേര്: സുധ), 1314-സന്തോഷ് കുമാര്‍ എസ്. (അച്ഛന്റെ പേര്: സുരേന്ദ്രന്‍ ആര്‍.), 1315-സജിത് ബാബു പി. (കുട്ടികൃഷ്ണന്‍ നായര്‍), 1316- അജയകുമാര്‍ എസ്. (അച്ഛന്‍: ശ്രീകുമാരന്‍ നായര്‍), 1318-സുഗേഷ് (അച്ഛന്റെ പേര്: സുബ്രഹ്‌മണ്യന്‍), 1319- സുധീര്‍ (അച്ഛന്റെ പേര്: അയ്യപ്പന്‍), 1321- ഹരിദാസന്‍ (അച്ഛന്റെ പേര്: സദാശിവന്‍) എന്നീ പേരുകളാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ പേരു ചേര്‍ക്കപ്പെട്ട ആരേയും അറിയില്ലെന്ന് പ്രസന്ന കുമാരി മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടര്‍പട്ടിക പരിശോധിച്ചാല്‍ ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളല്ലെന്ന് മനസ്സിലാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം 2024 ഏപ്രില്‍ 4ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഈ പേരുകള്‍ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ രേഖാമൂലം പരാതി അറിയിച്ചിരുന്നു. 30-ാം ബൂത്തിലെ ക്യാപിറ്റല്‍ വില്ലേജ്, ചൈത്രം അപ്പാര്‍ട്ട്മെന്റ്, ടോപ് പാരഡൈസ് എന്നീ ഫ്‌ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 45 വ്യാജ വോട്ടുകളുണ്ടെന്ന് ഏപ്രില്‍ 24ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ടു ചെയ്യാമെന്ന് കലക്ടര്‍ നിലപാട് എടുക്കുകയായിരുന്നു.

Comments