ഇടുക്കി: തൃശൂരിന് പുറമെ ഇടുക്കിയിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ട് എന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
ഇതേ ആളുകള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്തമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സേനാപതി വേണു ആവശ്യപ്പട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സേനാപതി വേണു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ടത്.
വോട്ടര്‍പ്പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളും വോട്ട് ചേര്‍ക്കലും നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാന രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തേ തൃശൂരിലും വോട്ട് ചേര്‍ത്തല്‍ നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയിലും വോട്ടര്‍പ്പട്ടികയിലെ ഗുരുതര പ്രശ്‌നങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.