Saturday , October 4 2025, 3:39 am

‘കരിവേടന്മാര്‍, കരിങ്കുരങ്ങിനെ പോലെ ഇരിക്കുന്നു. പുലയന്മാര്‍’: നാലാംക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തി പ്രധാനാധ്യാപിക

ആലപ്പുഴ: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ കേസ്. പേര്‍കാട് എംഎല്‍സി എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപിക ഗ്രേസിക്കെതിരെയാണ് ആരോപണം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിക്കുകയും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് പരാതിയില്‍. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ രണ്ടുമക്കള്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂളില്‍ നിന്നും വന്നപ്പോള്‍ കയ്യില്‍ ചില പാടുകള്‍ ഉണ്ടായിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ പ്രധാനാധ്യാപിക അടിക്കുകയും നുള്ളുകയും ചെയ്‌തെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ബോര്‍ഡില്‍ എഴുതിയത് തെറ്റിയതിനുള്ള ശിക്ഷയായിരുന്നു ഇത്. സ്‌കൂളില്‍ പോകുന്നില്ലെന്നും പേടിയാണെന്നും മൂത്രം ഒഴിക്കാന്‍ പോലും പോകാന്‍ സമ്മതിക്കുന്നില്ലെന്നും കുട്ടി പറഞ്ഞിരുന്നു.

അടുത്ത ദിവസം അമ്മ കാര്യമറിയാന്‍ സ്‌കൂളില്‍ പോയിരുന്നു. എന്നാല്‍ ‘നിങ്ങള്‍ പുലയരല്ലേ, ഇനിയും ഇതുപോലൊക്കെ ചയ്യുമെന്ന്’ അമ്മയോട് പ്രധാനാധ്യാപിക പറഞ്ഞതായും പരാതിയിലുണ്ട്. ഇതിനു ശേഷം കുട്ടികളോട് ‘കറുത്തവരല്ലേ, കറുത്തവരെ പഠിപ്പിക്കാന്‍ പറ്റത്തില്ല, കറുത്തവരെ ഇഷ്ടമല്ല, കരിവേടന്മാര്‍, കരിങ്കുരങ്ങിനെ പോലെ ഇരിക്കുന്നു. പുലയന്മാര്‍’ തുടങ്ങിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും അധ്യാപിക നടത്തിയിരുന്നതായി കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ആകെ നാല് കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുള്ളത്.

കുട്ടി വീട്ടിലെത്തി അമ്മയോട് ‘പുലയര്‍ എന്നാല്‍ എന്താണ്’ എന്ന് ചോദിച്ചതോടെയാണ് ജാതി അധിക്ഷേപം നടന്നതായി മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്. അയ്യങ്കാളിയുടെ പിന്‍മുറക്കാരും വലിയ ആളുകളുമാണെന്ന പറഞ്ഞ് കുട്ടിയെ അമ്മ സമാധാനിപ്പിച്ചിരുന്നു. കരിവേടന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പാട്ടുകാരന്‍ വേടനെയാണ് പറയുന്നതെന്ന് പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ പേടിയാണെന്നും പ്രധാനാധ്യാപിക സ്‌കൂളില്‍ വരാതെ ആയതിന് ശേഷമാണ് കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്നും അമ്മ പറഞ്ഞു.

അതേസമയം ജൂലൈ 17ന് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും തങ്ങള്‍ സ്‌റ്റേഷനില്‍ കയറി ഇറങ്ങേണ്ടി വന്നെന്നും അമ്മ പറയുന്നു. ആഗസ്റ്റ് 2ന് സ്‌റ്റേഷനില്‍ പോയപ്പോള്‍ പ്രധാനാധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചതായും നിങ്ങളൊക്കെ മനുഷ്യരാണോ. കേസ് ഒത്തുതീര്‍പ്പാക്കി കൊടുക്കണം. കേസ് പിന്‍വലിക്കണം എന്ന് പോലീസുകാര്‍ പറഞ്ഞതായും അമ്മ പറഞ്ഞു. എസ്‌ഐയും സിഐയും അധ്യാപികയ്ക്ക് അനുകൂലമായാണ് നിലകൊണ്ടത്. കേസ് എടുക്കാതെ വന്നപ്പോള്‍ പ്രതിഷേധിച്ചു. അപ്പോള്‍ മാത്രമാണ് പോലീസ് കേസെടുത്തതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

Comments