കണ്ണൂര്‍: പയ്യന്നൂരില്‍ ഫീസ് അടക്കാത്തതിന് എട്ടാം ക്ലാസുകാരനെ സ്‌കൂള്‍ ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. സ്‌കൂള്‍ ജീവനക്കാരന്‍ ഇസ്മയിലിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിനും കുടുംബം പരാതി നല്‍കി. സ്‌കൂള്‍ പ്രവേശന ദിവസം ബസില്‍ നിന്ന് ഷര്‍ട്ടില്‍ പിടിച്ച് ഇറക്കി വിട്ടെന്ന് വിദ്യാര്‍ഥി പറഞ്ഞു. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തന്നെ പരസ്യമായി അപമാനിച്ചത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും വിദ്യാര്‍ഥി പറഞ്ഞു.
പയ്യന്നൂര്‍ തായിനേരിയിലെ എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെയാണ് പരാതി. കുട്ടിയെ ഒരു കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
സംഭവം വാര്‍ത്തയായതിന് പിന്നാലെ തെറ്റ് പറ്റിയെന്ന് സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.