തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സ്ഥാനാര്‍ഥിത്വം നിഷേധിച്ച സിപിഎം നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന മുത്തിപ്പാറ ബി.ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നു. വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. ഇതോടെ ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്തു നല്‍കിയ ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണു സൂചന.
പോസ്റ്ററുകള്‍ ഉള്‍പ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ചു കത്തു നല്‍കുകയായിരുന്നു.പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, 2015ല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്‌സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.ശ്രീകണ്ഠന്‍ നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആണ്. 2025 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മുത്തിപ്പാറ വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നതിന് പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും ഇത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് നീക്കം ചെയ്ത് അയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളെ നേതൃത്വം തിരഞ്ഞെടുത്ത് പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ തീരുമാന പ്രകാരം മുത്തിപ്പാറ വാര്‍ഡില്‍ 3 ദിവസം ശ്രീകണ്ഠന്‍ വോട്ട് അഭ്യര്‍ഥിച്ച് ഭവന സന്ദര്‍ശനവും നടത്തിയിരുന്നു. സാമൂഹിക മാധ്യമത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്ന പോസ്റ്റില്‍ അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തിയ ആളിനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി ഇയാളുടെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. അതേസമയം ശ്രീകണ്ഠന്‍ രണ്ടു തവണ പഞ്ചായത്തില്‍ മത്സരിച്ചിരുന്നെന്നും ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നതെന്നും ഇത്തവണ മത്സരിക്കുന്നതില്‍ നിന്നും മാറി നില്‍ക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയതെന്നും സിപിഎം ഏരിയാ സെക്രട്ടറി ഇ.എ.സലിം പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റിന് ലൈക്ക്; സിപിഎം സ്ഥാനാർഥിത്വം നഷ്ടപ്പെട്ട ശ്രീകണ്ഠൻ സ്വതന്ത്രനായി രംഗത്ത്
DeToor reflective wanderings…