പാലക്കാട്: പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ തൊട്ടുപിന്നാലെയെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകള്‍ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ അത്തിക്കോടു വച്ച് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ തലയില്‍ കൂടെ കയറിയിറങ്ങി. കുട്ടി അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പിതാവിന്റെ മുന്‍പില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നുണ്ട്. പ്രദേശത്ത് സ്ഥിരമായി വാഹനാപകടങ്ങള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ ഉപരോധം.