കല്‍പ്പറ്റ: മുത്തങ്ങയില്‍ നേരിട്ടത് കൊടിയ മര്‍ദ്ദനങ്ങളാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പ് പറഞ്ഞാലും മാപ്പിന് അര്‍ഹതയില്ലെന്നും സി.കെ ജാനു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പീഢനത്തിനിരയായി. വേദന അങ്ങനെതന്നെ നിലനില്‍ക്കും. എന്നാല്‍ വൈകിയെങ്കിലും നടപടി തെറ്റായിപ്പോയി എന്ന് തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സി.കെ ജാനു പറഞ്ഞു. മുത്തങ്ങയിലെ പോലീസ് നടപടിയില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സി.കെ ജാനു.
മുത്തങ്ങയില്‍ സമരം ചെയ്ത ആളുകള്‍ക്ക് ഭൂമിയാണ് നല്‍കേണ്ടത്. മാപ്പു പറയുന്നതിനേക്കാള്‍ പ്രയോജനമുണ്ടാകുക അതിനാണ്. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമി നല്‍കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപ്പായില്ല. മുത്തങ്ങയില്‍ വെടിവയ്പ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. വെടിവയ്പ്പ് നടത്തേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറുമായിരുന്നു. എന്നാല്‍ വെടിവയ്പ്പിലേക്കാണ് കാര്യങ്ങള്‍ പോയത്. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക് എതിരായിരുന്നെന്നും സി.കെ ജാനു പറഞ്ഞു. ആദിവാസി ഭൂമി വിതരണം കാര്യമായി നടക്കാന്‍ കാരണം യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ജാനു അഭിപ്രായപ്പെട്ടു. ഭൂമി വിതരണത്തിനുള്ള ആദ്യഘട്ട നടപടികള്‍ ഉണ്ടാകുന്നത് യുഡിഎഫ് കാലത്താണ്. അന്നുണ്ടാക്കിയ വ്യവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. ഇതൊക്കെ അംഗീകരിക്കുമ്പോഴും മുത്തങ്ങയിലെ വെടിവയ്പ്പും അക്രമവും പൈശാചികമായിരുന്നു എന്ന വിലയിരുത്തലാണെന്നും സി.കെ ജാനു കൂട്ടിച്ചേര്‍ത്തു.