Sunday , October 5 2025, 5:05 am

സമയത്ത് വാഴ കുലച്ചില്ല; കര്‍ഷകന് നഴ്‌സറി ഉടമ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍. വണ്ടൂര്‍ കരിമ്പന്‍തൊട്ടിയില്‍ അലവി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുങ്കത്തറ കാര്‍ഷിക നഴ്സറി ആന്‍ഡ് ഗാര്‍ഡന്‍ സര്‍വിസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മീഷന്റെ വിധി.

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് പരാതിക്കാരനായ അലവി. ചുങ്കത്തറയിലെ കാര്‍ഷിക നഴ്സറിയില്‍ നിന്നും 150 നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കന്നുകള്‍ 3425 രൂപ നല്‍കിയാണ് അലവി വാങ്ങിയത്.10 മാസത്തിനകം വാഴ കുലക്കുമെന്നും ഓണവിപണിയില്‍ വില്‍ക്കാമെന്നും കരുതിയാണ് വാഴക്കന്നുകള്‍ വാങ്ങിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം സ്വര്‍ണ്ണമുഖി എന്ന ഇനത്തില്‍പെട്ട കന്നുകളാണ് അലവിക്ക് നല്‍കിയത്. തുടര്‍ന്ന് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കുകയായിരുന്നു.

വണ്ടൂര്‍ കൃഷി ഓഫിസറും അഭിഭാഷക കമ്മീഷനും കൃഷിയിടം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരന്റെ വാദം ശരിവെച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ച് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകള്‍ക്ക് നല്‍കിയ വില 3425 രൂപയും വളം ചേര്‍ക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കുന്നതിന് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് അധ്യക്ഷനും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

 

Comments