Saturday , October 4 2025, 6:59 am

അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ല: വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ കേസ്. കാസര്‍ഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ എം അശോകനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അതിക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തും.

അതേസമയം വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലം എസ്‌ഐയുമായി സംസാരിച്ചപ്പോള്‍ കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് പരാതി കിട്ടിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 11) സംഭവം നടന്നത്. അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ചരല്‍ക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണം പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്. വിദ്യാര്‍ത്ഥിയെ അസംബ്ലിയില്‍ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നിര്‍ത്തി കോളറില്‍ പിടിച്ച് ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. പിടിഎ പ്രസിഡന്റും ചില അധ്യാപകരും കുട്ടിയുടെ വീട്ടിലെത്തി ഒരു ലക്ഷം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചതായും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയെ അസംബ്ലിയില്‍ വച്ച് മര്‍ദ്ദിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതായി മാതാവ് പറഞ്ഞു.

അതേസമയം പ്രധാനാധ്യാപകനെ സംരക്ഷിക്കുന്ന നിലപാടുമായി പിടിഎ പ്രതിനിധികള്‍ രംഗത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ മനപ്പൂര്‍വ്വം അടിച്ചതല്ലെന്നും അടിച്ചപ്പോള്‍ അറിയാതെ ചെവിക്ക് കൊണ്ടതാണെന്നാണ് സ്‌കൂള്‍ പിടിഎ അംഗത്തിന്റെ വാദം. വിദ്യാര്‍ത്ഥിയുടേത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമാണെന്നും ചികിത്സയ്ക്കായാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പണം നല്‍കാമെന്ന് പറഞ്ഞതെന്നും പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിയെ അടിച്ചിട്ടില്ലെന്ന അധ്യാപകന്റെ നിലപാടിനെ തളളുന്നതാണ് പിടിഎ അംഗങ്ങളുടെ വെളിപ്പെടുത്തല്‍. അധ്യാപകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി പിടിഎ സമ്മതിച്ചിട്ടുണ്ട്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടന്നു. കുറ്റം ചെയ്ത അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. വിഷയത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Comments