ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലായിരുന്ന ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ആഗ്രയില്‍ നിന്ന് ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17 വിദ്യാര്‍ത്ഥിനികളാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.
ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പോലീസില്‍ പരാതി നല്‍കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ഡയറക്ടര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതിയിലുള്ള ഒരാള്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് 32 വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തു. ഇതില്‍ 17 പേര്‍ ഡയറക്ടര്‍ക്കെതിരെ മൊഴി നല്‍കി. ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസിന്റെ അറസ്റ്റ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഒളിവില്‍ കഴിയുകയാണെന്നും പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ചൈതന്യാനന്ദയ്‌ക്കെതിരെ ഉണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.