തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്.
വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നുണ്ട്.
മദ്യപിച്ച് ബഹളമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പോലീസിനെ ഉപദ്രവിച്ചു തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചെറിയ ശിക്ഷാ നടപടികള്‍ മാത്രം നല്‍കി സര്‍വീസില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. രണ്ട് വര്‍ഷം നീണ്ട സുജിത്തിന്റെ നിയമ യുദ്ധത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.