കൊച്ചി: കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങുമെന്ന അവസ്ഥയാണെന്ന് സിബിസിഐ വക്താവ്. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കവേയാണ് സിബിസിഐ പ്രസിഡന്റ് മാര്‍. ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്.
മതസ്വാതന്ത്യം തടസ്സപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഏറെ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സഭ വക്താവ് പറഞ്ഞു. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ് ഭാരതം. 2000 വര്‍ഷം പാരമ്പര്യമുള്ള ക്രൈസ്തവ മതത്തിനും വിശ്വാസികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ ആദ്യം എഫ്‌ഐആര്‍ ഇട്ടിരുന്നത് മനുഷ്യക്കടത്തിന് ആരോപിച്ചാണെങ്കില്‍ ഇപ്പോള്‍ മതപരിവര്‍ത്തനം കൂടെ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ക്രൈസ്തവര്‍ ഭയത്തിലെന്നും കന്യാസ്ത്രീകളുടെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടന വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ചിട്ടുണ്ട്.