Saturday , October 4 2025, 5:10 am

പോലീസ് സംരക്ഷണയില്‍ കൊലക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം: ഒടുവില്‍ കേസെടുത്ത് പോലീസ്

കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ ടി.പി കൊലക്കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. കൊലക്കേസില്‍ വിചാരണ നേരിടുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ തലശ്ശേരി പോലീസ് ഇന്നലെ രാത്രിയാണ് കേസെടുത്തത്. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് കേസെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തെളിവില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു നേരത്തേ പോലീസ് പറഞ്ഞത്. സംഭവം വിവാദമായതോടെ പോലീസ് പ്രതിസന്ധിയിലായി. തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ച് അബ്കാരി നിയമപ്രകാരം സ്വമേധയാ കേസെടുത്തു എന്നാണ് എഫ്‌ഐആറില്‍. പ്രതികളെ ജൂണ്‍ 17ന് വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തലശ്ശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി നടപടികള്‍ക്കു ശേഷം തിരിച്ചു പോകുന്നതിനിടെ കോടതിക്കു സമീപമുള്ള വിക്ടോറിയ ഹോട്ടലില്‍ പ്രതികളോടൊപ്പം പോലീസ് എത്തിയിരുന്നു. തുടര്‍ന്ന് പോലീസുകാരുടെ നിരീക്ഷണത്തില്‍ നിന്നും മാറി പൊതുസ്ഥലമായ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് സുഹൃത്തുക്കളോടൊപ്പം പ്രതികള്‍ പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുക്കാന്‍ ആവില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചു നിന്നു. കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ പോയാല്‍ കേസ് തള്ളിപ്പോകുമെന്നുമായിരുന്നു പോലീസ് വിശദീകരണം. മാത്രമല്ല പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കുന്നില്ലെന്നും പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് കെഎസ്‌യു ഇതിനെതിരെ പരാതി നല്‍കി. എന്നാലിപ്പോള്‍ പോലീസ് സ്വമേധയാ ആണ് കേസെടുത്തത്. എഫ്‌ഐആറില്‍ കുടിച്ചത് മദ്യമാണെന്നു പോലീസ് പറയുന്നുണ്ട്.

Comments