Saturday , March 7 2026, 1:19 pm

മൂത്തേടം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് ജയം, ഭൂരിപക്ഷം 222 വോട്ട്

നിലമ്പൂർ: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിൽ ജയിച്ചു. 222 വോട്ട് ഭൂരിപക്ഷം നേടിയാണ് ജയം. ഇതോടെ മൂത്തേടം പഞ്ചായത്തിലെ 18 വാർഡുകളിൽ കക്ഷിനില യുഡിഎഫ്-17, എൽഡിഎഫ്-1 എന്നിങ്ങനെയായി. യുഡിഎഫ് 501 വോട്ടുകൾ നേടിയപ്പോൾ 279 പേർ എൽഡിഎഫിന് വിധിയെഴുതി. എൻഡിഎയ്ക്ക് 14-ലും സ്വതന്ത്ര സ്ഥാനാർഥി ആറിലുമൊതുങ്ങി. വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

        84.21 ശതമാനം പോളിങ്ങാണ് വാർഡിൽ രേഖപ്പെടുത്തിയിരുന്നത്. 950 വോട്ടർമാരിൽ 800 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 437 സ്ത്രീകളും 363 പുരുഷൻമാരുമാണ് വോട്ടുചെയ്തത്. ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മറ്റു തിരഞ്ഞെടുപ്പുകൾക്കൊപ്പം നടന്നിരുന്നു. അന്ന് 772 പേരാണ് വോട്ടുചെയ്തിരുന്നത്. അന്നത്തേതിൽനിന്നും ഇത്തവണ പോളിങ് നാലുശതമാനത്തോളം ഉയർന്നു. 28 പേരാണ് കൂടുതലായി വോട്ട് രേഖപ്പെടുത്തിയത്. വാർഡിലെ ജില്ല, ബ്ലോക്ക് ഡിവിഷനുകളിലേക്ക് യുഡിഎഫ് സ്ഥാനാർഥികൾക്ക് 270-ന് മുകളിൽ ലീഡുണ്ടായിരുന്നു.

          യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിൽ, എൽഡിഎഫ് സ്ഥാനാർഥി സെബിന, എൻഡിഎ സ്ഥാനാർഥി അനിത, ഒരു സ്വതന്ത്ര എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. എടക്കര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കനത്ത പോലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കാരപ്പുറം ക്രസന്റ് യുപി സ്‌കൂളിലായിരുന്നു വോട്ടെടുപ്പ്.

 

Comments