ഭുവനേശ്വര്‍: ഒഡിഷയിലെ റായഗഡ ജില്ലയില്‍ സ്ഥാപിച്ച ബുദ്ധന്റെ പ്രതിമ മണിക്കൂറുകള്‍ക്കകം അജ്ഞാത സംഘം തകര്‍ത്തു. തിങ്കളാഴ്ച രാവിലെ പ്രതിമ റോഡില്‍ തകര്‍ന്നുവീണ നിലയില്‍ പ്രദേശവാസികള്‍ ആണ് കണ്ടത്. ഭുവനേശ്വറില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ തമ്പാര്‍ഗുഡ ഗ്രാമത്തില്‍ ആണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പ്രതിമ അവിടെ സ്ഥാപിച്ചത്. പ്രദേശവാസികളും ഭഗത് സിങ് അസോസിയേഷനും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തിങ്കളാഴ്ചത്തെ ബുദ്ധപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാമത്തിലെ മലമുകളില്‍ മൂന്നടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്.
‘സമാധാനത്തിന്റെ പ്രതീകമാണ് ബുദ്ധ ദേവന്‍. പ്രതിമക്കൊപ്പം ശബ്ദ സംവിധാനവും ഒരുക്കിയിരുന്നു. എന്നാല്‍, അജ്ഞാതര്‍ വന്ന് അത് നശിപ്പിച്ചുവെന്നും’ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയിലെ അംഗമായ അഭിഭാഷകന്‍ അഭി പാലക് പറഞ്ഞു. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താനും സാമൂഹിക സൗഹാര്‍ദം ഇല്ലാതാക്കാനും വളരെ ആസൂത്രിതമായി ചെയ്തതാണെന്നും പാലക് പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന ഏഴാളുകളുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ പ്രതിമ നശിപ്പിക്കുക മാത്രമല്ല, വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയുടെ ഒരു കാല്‍ മോഷ്ടിച്ചുവെന്നും അനുബന്ധമായി സ്ഥാപിച്ചിരുന്ന ശബ്ദ സംവിധാനവും കടത്തിക്കൊണ്ടുപോയെന്നും പാലക് പറഞ്ഞു. കുറ്റവാളികളെ പിടികൂടാന്‍ പൊലീസിനു കഴിയാത്ത പക്ഷം പ്രതിഷേധവുമായി രംഗത്തുവരുമെന്ന് ബി.എസ്.പി ജില്ലാ പ്രസിഡന്റ് ജിതു ജാഗേസിക പറഞ്ഞു.