കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നാണ് പ്രമോദിന്റെ (62) മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ ഇത് കാണാതായ പ്രമോദിന്റേതാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന സഹോദരന്‍ പ്രമോദിനെ സംഭവത്തിനുശേഷം കാണാതായിരുന്നു. തുടര്‍ന്ന് പ്രമോദിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. ഇതിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് രണ്ടുപേരെയും പ്രമോദ് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.