കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നുമാസം പ്രായമായ കുഞ്ഞിന് രോഗബാധയേറ്റത് വീട്ടിലെ കിണറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു. മൂന്ന് ആഴ്ചയായി ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുഞ്ഞ് ചികിത്സയിലാണ്.
കുട്ടിയുടെ വീട്ടിലെ കിണര്‍ സ്ഥിതി ചെയ്യുന്നത് ചതുപ്പ് നിലത്തോട് ചേര്‍ന്ന സ്ഥലത്താണ്. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ കിണര്‍ വറ്റിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും പരിശോധനയ്ക്കായി അയച്ചു. അതേസമയം അന്നശ്ശേരി സ്വദേശിയായ 49കാരനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഇതുവരെ ആരോഗ്യ വകുപ്പിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞദിവസം പനി ബാധിച്ച് താമരശ്ശേരിയില്‍ മരിച്ച 9 കാരിക്കും അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ടിരുന്നതായി സ്രവ പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.