വിവിധ പ്രോജക്ടുകളില്‍ മുടക്കുന്നതിന് വയനാട്ടിലെ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്ക് പണം നല്‍കിയവരില്‍ പ്രതീക്ഷ മങ്ങുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരില്‍നിന്നും പലിശ വാഗ്ദാനം ചെയ്തു കൈപ്പറ്റിയ തുക ഏപ്പോള്‍ തിരികെ നല്‍കുമെന്ന് വ്യക്തതയോടെ പറയാന്‍ സൊസൈറ്റി മാനേജ്‌മെന്റിനു കഴിയുന്നില്ല. നിലവില്‍ അടഞ്ഞുകിടക്കുന്ന മഞ്ഞാടിയിലെ ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ച് ലാഭത്തിലോടുന്ന മുറയ്ക്ക് മുതലും പലിശയും ഘട്ടങ്ങളായി നല്‍കുമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതേസമയം ഫാക്ടറി പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തുന്നില്ല. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് സ്വകാര്യ സംരംഭകനുമായി ഏര്‍പ്പെട്ട കരാര്‍ റദ്ദാകുകയാണ് ചെയ്തത്. പിന്നീട് ഫാക്ടറി നടത്തിപ്പ് സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കുന്നതിന് നീക്കം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലെത്തി മുതലും പലിശയും തിരികെ ആവശ്യപ്പെട്ടവര്‍ക്ക് നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണുണ്ടായത്. ആര്‍ക്കും ഒരു വിധത്തിലുള്ള ഉറപ്പും നല്‍കാന്‍ ഓഫീസില്‍ ഉണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.
സി.പി.എമ്മിന്റെ പരോക്ഷ നിയന്ത്രണത്തില്‍ പതിറ്റാണ്ടുകള്‍ മുമ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൊറ്റി. സി.പി.എം നേതാവും ബത്തേരി എം.എല്‍.എയുമായിരുന്ന അന്തരിച്ച പി.വി.വര്‍ഗീസ് വൈദ്യരാണ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍. ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് തുടക്കത്തില്‍ സൊസൈറ്റി നടത്തിയത്. പിന്നീട് മലബാര്‍ മീറ്റ്, വയനാട് കോഫി, ഫാര്‍മേഴ്‌സ് ട്രേഡ് മാര്‍ക്കറ്റ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. കേരള ചിക്കന്‍ പ്രോജക്ടിന്റെ നോഡല്‍ എജന്‍സിയായും പ്രവര്‍ത്തിച്ചു.
വിവിധ പ്രോജക്ടുകളുടെ നിര്‍വഹണത്തിനാണ് സൊസൈറ്റി വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമടക്കം പണം പലിശയ്ക്കു വാങ്ങിയത്. 2016നും 2019നും ഇടയിലായിരുന്നു ഇത്. വായ്പ ഇനത്തില്‍ 600ല്‍പരം വ്യക്തികള്‍ക്കും പത്ത് സഹകരണ ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങള്‍ക്കും 70 കോടിയിലധികം രൂപയാണ് സൊസൈറ്റി നല്‍കാനുള്ളത്. വ്യക്തിഗതമായി സൊസൈറ്റിക്കു പണം നല്‍കിയവരില്‍ ഭൂരിപക്ഷവും വിരമിച്ച സി.പി.എം അനുഭാവികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരുമാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുപണി, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കരുതിവച്ച പണം അപ്പാടെ സൊസൈറ്റിക്കു നല്‍കിയവര്‍ വെട്ടിലായിരിക്കയാണ്.
ബ്രഹ്മഗിരിയില്‍ 1.5 കോടി രൂപ നിക്ഷേപിച്ച പ്രവാസി സംഘടനയുടെ ഭാരവാഹികള്‍ മാസങ്ങള്‍ മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറിയെ നേരില്‍ക്കണ്ട് പ്രശ്‌നപരിഹാരത്തിനു ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറി ചുമതലപ്പെടുത്തിയനുസരിച്ച് ധനമന്ത്രി സൊസൈറ്റി ആസ്ഥാനത്ത് എത്തി സാഹചര്യങ്ങള്‍ വിലയിരുത്തുകയുമുണ്ടായി.
മലബാര്‍ മീറ്റ് പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിനു മാത്രം 4.21 കോടി രൂപ കുടുംബശ്രീ യൂനിറ്റുകള്‍, ക്ഷീര സംഘങ്ങള്‍ എന്നിവയില്‍നിന്നും വ്യക്തികളില്‍നിന്നും സൊസൈറ്റി സമാഹരിച്ചിരുന്നു. ഈ ബാധ്യത നിലനില്‍ക്കെയാണ് വിരമിച്ച ജീവനക്കാരില്‍നിന്നടക്കം വന്‍ തുക വായ്പയായും മറ്റും സ്വീകരിച്ചത്.
ബ്രഹ്മഗിരിക്ക് പണം നൽകിയവർ ആപ്പിലായി
Comments
DeToor reflective wanderings…