Saturday , October 4 2025, 8:44 am

വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍

ശ്രീനഗര്‍: അരുന്ധതി റോയിയുടേയും എ.ജി നൂറാനിയുടേയും അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. പുസ്തകങ്ങളിലൂടെ ജമ്മുകശ്മീരിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, തെറ്റായ ഉള്ളടക്കങ്ങൾ നൽകുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് നടപടി. ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയുടേയും അന്വേഷണത്തിന്റെയും ശേഷമാണ് പുസ്തകങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നാണ് ജമ്മു കശ്മീര്‍ ആഭ്യന്തര സെക്രട്ടറി നിരോധന ഉത്തരവ് പങ്കുവച്ചുകൊണ്ട് പ്രതികരിച്ചത്.

അരുന്ധതി റോയിയുടെ ആസാദി, ഭരണഘടന വിദഗ്ധന്‍ എ.ജി നൂറാനിയുടെ ‘ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2021’, ബ്രിട്ടീഷ് ചരിത്ര ഗവേഷകയായ വിക്ടോറിയ സ്‌കൊഫീല്‍ഡിന്റെ ‘കശ്മീര്‍ ഇന്‍ കോണ്‍ഫ്‌ലിക്റ്റ്, ഇന്ത്യ, പാകിസ്ഥാന്‍ ആന്റ് ദി അണ്‍ എന്‍ഡിംങ് വാര്‍’, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ പ്രഫസര്‍ സുമന്ദ്ര ബോസിന്റെ കണ്ടസ്റ്റഡ് ലാന്റ്‌സ്’ എന്ന പുസ്തകവും ‘കശ്മീര്‍ അറ്റ് ദി ക്രോസ്‌റോഡ്‌സ്’ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ച കൂട്ടത്തിലുണ്ട്. പുസ്തകങ്ങള്‍ കണ്ടുകെട്ടാനും ഉത്തരവിലുണ്ട്. ഈ പുസ്തകങ്ങള്‍ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് പുസ്തകങ്ങൾ കണ്ടുകെട്ടുന്നത്. ഈ പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

 

Comments