Saturday , October 4 2025, 4:51 am

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്: ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കോടതിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്. ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. നിലവില്‍ ജയ്‌നമ്മ കൊലക്കേസില്‍ റിമാന്റിലാണ് പ്രതി സെബാസ്റ്റ്യന്‍.

ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനിയായ ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ജയ ബിന്ദുവായി ആള്‍മാറാട്ടം നടത്തി സ്വത്ത് കൈക്കലാക്കാന്‍ സെബാസ്റ്റിയനെ സഹായിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ജയയെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ജയക്കൊപ്പം റുക്‌സാന എന്ന യുവതിയും സെബാസ്റ്റ്യനെ തട്ടിപ്പില്‍ സഹായിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്‌സാനയും സെബാസ്റ്റ്യന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ജയയേയും റുക്സാനെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിക്കുന്നത്. പിന്നീട് ആഭ്യന്തര വകുപ്പില്‍ നിന്ന് നേരിട്ട് ഫയല്‍ നമ്പര്‍ ഇട്ടാണ് പരാതി താഴേക്ക് വന്നത്. എന്നാല്‍ പട്ടണക്കാട് പൊലീസ് എഫ്ഐആര്‍ ഇടുന്നത് 70 ദിവസങ്ങള്‍ക്ക് ശേഷമാണ്.

 

 

Comments