കണ്ണൂര്‍: മദ്യം വാങ്ങുമ്പോള്‍ 20 രൂപ നിക്ഷേപത്തുകയായി വാങ്ങുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. ആദ്യ ദിവസം തന്നെ മദ്യം വാങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കുപ്പികളും ബവ്‌കോയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. അതേസമയം കുപ്പി തിരിച്ചു കൊടുക്കാനായി ബീവറേജിന്റെ മുന്‍പില്‍ നിന്നുതന്നെ ആളുകള്‍ മദ്യപിക്കുന്ന അവസരങ്ങളുമുണ്ടായി.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത ബവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന പദ്ധതി തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ ഇന്നലെ മാത്രം 400 കുപ്പികളാണ് തിരിച്ചെത്തിയത്. അതേസമയം കുപ്പികള്‍ വാങ്ങുമ്പോള്‍ നിക്ഷേപത്തുകയ്ക്കുള്ള രസീത് അച്ചടിച്ച് ഔട്ട്‌ലെറ്റുകളില്‍ എത്തിക്കാതിരുന്നത് വാക്കേറ്റത്തിനിടയാക്കി. രസീതുകള്‍ ഇന്ന് ബവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്തിക്കുമെന്നാണ് ബവ്‌കോ ഉറപ്പ് നല്‍കിയിരിക്കുന്നത്. കുപ്പികള്‍ തിരിച്ചെടുക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കുമെന്ന് ബവ്‌കോ പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. തുടര്‍ന്ന് കുപ്പി ശേഖരണം മെയിന്‍ കൗണ്ടര്‍ വഴി തുടര്‍ന്നത് പലയിടത്തും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.