സുല്‍ത്താന്‍ ബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുളം പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ വിശ്വനാഥന്റെ ഭാര്യ പ്രേമകുമാരിക്കാണ്(54)പരിക്കേറ്റത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലുള്ള പാമ്പ്ര എസ്റ്റേറ്റിലെ വഴിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
കാപ്പി കവാത്തുജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പമ്പ്രയില്‍ ബസിറങ്ങി എസ്റ്റേറ്റിലെ വഴിയിലൂടെ ഓര്‍ക്കടവിലേക്ക് പോകുമ്പോഴാണ് പ്രേമകുമാരിയെ കാട്ടുപോത്ത് ആക്രമിച്ചത്. കഴുത്തിന് പരിക്കേറ്റ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുന്നില്‍ നടക്കുകയായിരുന്ന പ്രേമകുമാരിയെ കാപ്പിത്തോട്ടത്തില്‍നിന്നു ഓടിവന്ന പോത്ത് തട്ടിയിടുകയായിരുന്നുവെന്ന് വിശ്വനാഥന് പറഞ്ഞു. തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ സഹായത്തോടെയാണ് പ്രേമകുമാരിയെ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Comments