Tuesday , March 3 2026, 10:00 pm

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; മധുര സ്വദേശി ട്രക്ക് ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്‍നിന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ട്രക്ക് ഡ്രൈവറാണ് പ്രതി. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

          ഈ കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് വായ പൊത്തി കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ യുവതി കഴക്കൂട്ടം പോലീസില്‍ എത്തി പരാതിനല്‍കി.

ഹോസ്റ്റലില്‍ സിസിടിവി ക്യാമറ ഇല്ലാത്തതിനാല്‍ പ്രതിയെപ്പറ്റി ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം, തുമ്പ, പേരൂര്‍ക്കട സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍, സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.  സംഭവം നടന്ന 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. സംഭവം നടന്ന രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടിക്കാനായത് പോലീസിന് വലിയ ആശ്വാസമായി. സാഹസികമായാണ് പ്രതിയെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.

Comments